News & Events

അവയവദാന സന്ദേശം സമൂഹത്തിലേക്ക് പകര്‍ന്ന് അനുജിത്തിന്റെ ഹൃദയതാളവുമായി സണ്ണി ആശുപത്രി വിട്ടു
അനുജിത്തിന്റെ ഹൃദയവുമായി സണ്ണി പുതുജീവിതത്തിലേക്ക്

അവയവദാന സന്ദേശം സമൂഹത്തിലേക്ക് പകര്‍ന്ന് അനുജിത്തിന്റെ ഹൃദയതാളവുമായി സണ്ണി ആശുപത്രി വിട്ടു

'വിശ്വം കാക്കുന്ന നാഥാ
വിശൈ്വകനായകാ
ആത്മാവിലെരിയുന്ന തീയണയ്ക്കൂ
നിന്നാത്മചൈതന്യം നിറയ്ക്കൂ
ആത്മചൈതന്യം നിറയ്ക്കൂ'

എന്ന് ലിസി ആശുപത്രിയുടെ ഹൃദയ ശസ്‌ത്രക്രിയ വിഭാഗത്തിന്റെ മുന്നിൽ നിന്ന് സണ്ണി മധുരമായി പാടിയപ്പോള്‍ ഉള്ളിലിരുന്ന് അനുജിത്തിന്റെ ഹൃദയം ഏറ്റുപാടിയിട്ടുണ്ടാകും. ആ ഈരടികളിലെ പ്രാര്‍ത്ഥനാശംസകള്‍ അനുജിത്തിന്റെ പ്രിയതമയുടെയും പ്രിയപ്പെട്ടവരുടെയും ഉള്ളിലെരിയുന്ന തീയണച്ചിട്ടുണ്ടാകും. ഹൃദയവും കൈകളും അടക്കം സാധ്യമായ എട്ട് അവയവങ്ങള്‍ ദാനം ചെയ്ത അനുജിത്ത് ഇനിമേല്‍ ഒരുപിടി ചാരത്തില്‍ മറഞ്ഞ ഓര്‍മ്മയല്ലല്ലോ; മൃതിയുടെ കവാടം കടന്ന് അമരത്വം നേടിയ ഒരു സ്മൃതിസുഗന്ധമല്ലേ? അനുജിത്തിന്റെ ഹൃദയം വച്ചുപിടിപ്പിച്ച സണ്ണി വെറും പത്തു ദിവസം കഴിഞ്ഞപ്പോൾ ലിസി ആശുപത്രി വിട്ടു. അനുജിത്തിന്റെ ഹൃദയത്തോട് നന്ദി പറയാന്‍ ഉചിതമായ വാക്കുകള്‍ ലഭിക്കാത്തതിനാലാകും, മലയാളത്തിന്റെ നിത്യഗന്ധര്‍വ്വന്‍ പാടി അനശ്വരമാക്കിയ ഒരു മനോഹര ഗാനത്തിന്റെ കൂട്ട് സണ്ണി തേടിയത്.

ജൂലൈ 14 ന് കൊട്ടാരക്കരയില്‍ വച്ചാണ് വാഹനാപകടത്തില്‍ അനുജിത്തിന് ഗുരുതരമായി പരിക്കേറ്റത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു. തന്റെ പ്രാണനായവനെ തിരികെ കിട്ടില്ലെന്ന് മനസ്സിലാക്കിയ ഭാര്യ പ്രിന്‍സിയും സഹോദരി അഞ്ജലിയും അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു. നാട്ടിലെ സാമൂഹിക-സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന അനുജിത്ത് അവയവദാനമുള്‍പ്പടെയുള്ള മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. അതാണ് വലിയ വേദനക്കിടയിലും അവയവദാനത്തിന് സന്നദ്ധരാകാന്‍ അവരെ പ്രേരിപ്പിച്ചത്.

ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃപ്പുണിത്തുറ സ്വദേശി സണ്ണി തോമസാണ് അനുജത്തിന്റെ ഹൃദയം സ്വീകരിച്ചത്. ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്കെടുത്തിരിക്കുന്ന ഹെലികോപ്റ്റര്‍ ഹൃദയം എത്തിക്കുവാന്‍ വിട്ടുനല്‍കിയത്. പൂര്‍ണ്ണമായും സൗജന്യമായാണ് ഈ സേവനം ലഭ്യമായത്.

21 ന് രാവിലെ 5.30 ന് ഹൃദയം എടുക്കുവാനുള്ള മെഡിക്കല്‍ സംഘം ലിസി ആശുപത്രിയില്‍ നിന്നും പുറപ്പെട്ടു. ഉച്ചയ്ക്ക് 1.50 ന് ഹൃദയവുമായി തിരുവനന്തപുരത്ത് നിന്നു തിരിച്ച സംഘം 2.45 ന് ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്തിലെ ഹെലിപ്പാഡില്‍ വന്നിറങ്ങി. തുടര്‍ന്ന് എറണാകുളം അസി. കമ്മീഷണര്‍ കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ ഗ്രീന്‍ കോറിഡോര്‍ സൃഷ്ടിച്ച് നാലുമിനിറ്റില്‍ താഴെ സമയംകൊണ്ട് ലിസി ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ ആരംഭിക്കുകയായിരുന്നു. അനുജിത്തില്‍ നിന്നും വേര്‍പെടുത്തിയ ഹൃദയം മൂന്ന് മണിക്കൂര്‍ 11 മിനിറ്റ് കൊണ്ട് സണ്ണിയില്‍ മിടിച്ചു തുടങ്ങി. അടുത്ത ദിവസം തന്നെ വെന്റിലേറ്ററിന്റെ സഹായം ഒഴിവാക്കിയ സണ്ണിയെ നാലാം ദിവസം അതിതീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മുറിയിലേക്ക് മാറ്റുകയായിരുന്നു.

ആരോഗ്യമന്ത്രി കെ. കെ. ഷൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സണ്ണിയുമായി സംസാരിച്ച് ശുഭാശംസകള്‍ നേര്‍ന്നു. അനുജിത്തിന്റെ കുടുംബത്തിന് കേരളത്തിന്റെ ആദരവ് ടീച്ചർ അറിയിച്ചു. ഹൃദയം മാറ്റി വെച്ച് ഇത്രയും വേഗം ആശുപത്രി വിടാനാകുന്നത് വലിയ നേട്ടമാണെന്ന് പറഞ്ഞ മന്ത്രി ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെയും ലിസി ആശുപത്രി അധികൃതരെയും പ്രത്യേകം അഭിനന്ദിച്ചു.

കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചാണ് സണ്ണി ആശുപത്രിയില്‍ നിന്നും യാത്രയായത്. ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. ജെറി ഞാളിയത്ത്, ഫാ. ഷനു മൂഞ്ഞേലി എന്നിവരും ചടങ്ങിനെത്തിയിരുന്നു. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം ഡോ. ജേക്കബ് എബ്രഹാം, ഡോ. റോണി മാത്യു കടവില്‍, ഡോ. ഭാസ്‌കര്‍ രംഗനാഥന്‍, ഡോ: ജോ ജോസഫ്, ഡോ. ജീവേഷ് തോമസ്, ഡോ. സൈമണ്‍ ഫിലിപ്പോസ്, ഡോ. പി. മുരുകന്‍, ഡോ. ജോബ് വില്‍സണ്‍, ഡോ. ഗ്രേസ് മരിയ, ഡോ. ആന്റണി ജോര്‍ജ്ജ് തുടങ്ങിയവരും, നഴ്സിംഗ് പാരാമെഡിക്കൽ ജീവനക്കാരും ശസ്ത്രക്രിയയിലും തുടര്‍ചികിത്സയിലും പങ്കാളികളായിരുന്നു.

എം. എല്‍. എ. മാരായ ടി. ജെ. വിനോദ്, എം. സ്വരാജ്, മുന്‍ എം. പി. പി. രാജീവ് എന്നിവര്‍ വിവിധ ഘട്ടങ്ങളില്‍ സഹായങ്ങളുമായി കൂടെയുണ്ടായിരുന്നു.

ലിസി ആശുപത്രിയിലെ ഇരുപത്തി അഞ്ചാമത് ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയായിരുന്നു ഇത്.

 

happenings @Lisie Hospital
News & Events

This year’s Onam celebration may not have its usual glory and grandeur for Malayalis, but Jennah and two-year-old Jin from Liberia got to celebrate the festival with a full-fledged ‘Onasadya’ at Lisie Hospital in Kochi.

ലിസി ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയ പൂർത്തിയാക്കി പൂർണ്ണ ആരോഗ്യവതിയായി കുഞ്ഞ് യൂനാൻ ഇനി നാട്ടിലേക്ക്

Search Something

Search Departments / Doctors

Back to Top